
ഹോങ്കോങ്: റസ്റ്ററന്റിൽ നിന്ന് പാഴ്സൽ വാങ്ങിയ ഭക്ഷണപ്പൊതി തുറന്ന ഉപഭോക്താവിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ച. ഭക്ഷണത്തിനുള്ളിൽ ജീവനുള്ള എലിക്കുഞ്ഞിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോങ്കോങ്ങിലെ റസ്റ്ററന്റിനെതിരെ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.
‘വാ ജെർ’ റസ്റ്ററന്റിൽ നിന്ന് വാങ്ങിയ ബീഫ് റൈസ് നൂഡിൽസ് പാക്കറ്റിലാണ് കണ്ണുകൾ പോലും തുറന്നിട്ടില്ലാത്ത, ചുവന്ന നിറത്തിലുള്ള രോമരഹിത എലിക്കുഞ്ഞിനെ കണ്ടെത്തിയത്. സോസിന് സമീപം കിടന്നിരുന്ന എലിക്കുഞ്ഞ് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതും കൈകാലുകൾ ചലിപ്പിക്കുന്നതും വീട്ടുകാർ ശ്രദ്ധിച്ചു. തുടർന്ന് ദൃശ്യങ്ങൾ പകർത്തി അധികൃതർക്ക് പരാതി നൽകുകയായിരുന്നു.
തിങ്കളാഴ്ച 5.40 ഹോങ്കോങ് ഡോളർ (ഏകദേശം 450 രൂപ) നൽകിയാണ് ഉപഭോക്താവ് ഭക്ഷണം വാങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയും വിഷയത്തിലേക്ക് എത്തിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഫുഡ് ആൻഡ് എൻവയോൺമെന്റൽ ഹൈജീൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ റസ്റ്ററന്റിലെത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. റസ്റ്ററന്റിലെ ശുചിത്വനിലവാരം സംബന്ധിച്ചും പരിശോധന നടത്തി. ഭക്ഷണം പാകം ചെയ്യുന്നതുമുതൽ പാക്കിങ്, സംഭരണം, വിതരണം എന്നിവ വരെയുള്ള നടപടിക്രമങ്ങളാണ് നിലവിൽ അന്വേഷണത്തിന്റെ പരിധിയിൽ.
സംഭവത്തിൽ റസ്റ്ററന്റ് ഉടമയും ഞെട്ടൽ രേഖപ്പെടുത്തി. ഒരു വർഷത്തിലേറെയായി വാ സിങ് ഇൻഡസ്ട്രിയൽ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഇതിന് മുമ്പ് സമാനമായ പരാതികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.
പ്രദേശത്ത് എലിശല്യം നിലനിൽക്കുന്നുണ്ടെങ്കിലും റസ്റ്ററന്റിൽ എല്ലാ മാസവും കൃത്യമായി ശുചീകരണം നടത്താറുണ്ടെന്നും ഉടമ വ്യക്തമാക്കി. എന്നാൽ ഭക്ഷണപ്പൊതിക്കുള്ളിൽ എലിക്കുഞ്ഞ് എങ്ങനെ എത്തിയെന്നത് സംബന്ധിച്ച അന്വേഷണം തുടരുകയാണ്.
A customer in Kwai Chung, Hong Kong ordered a HK$48 satay beef pasta yesterday — and found a newborn pink mouse wriggling in the sauce. Local Food & Environmental Hygiene Department is now on-site investigating. pic.twitter.com/cx9LoF5GR2
— Shanghai Daily (@shanghaidaily) September 8, 2026










